കരിങ്കല്ലുകൊണ്ട് എന്തൊക്കെ ചെയ്യാം? വീടു പണിയാം, മതിലുകെട്ടാം. എന്നാൽ ഇതൊന്നുമല്ലാതെ കരിങ്കല്ലിൽ സം​ഗീതം തീർക്കുന്ന ഒരു ശില്പിയുണ്ട് കോഴിക്കോട്ട്. ജ്യോതിഷിയും വാസ്തുവിദ​ഗ്ധനുമെല്ലാമായ സുശാന്ത് കുമാർ കല്ലിൽ തീർക്കുന്നത് മധുരസം​ഗീതം പൊഴിക്കുന്ന പുല്ലാങ്കുഴലുകളാണ്. അതിസൂക്ഷ്മത വേണ്ട ജോലിയാണിതെന്ന് സുശാന്ത് പറയുന്നു.

കല്ലിനും ഒരു ഹൃദയമുണ്ടോ എന്ന ചോദ്യത്തിന് നമ്മൾ കല്ലിനെ അത്രയും സ്നേഹിക്കുകയല്ലേ എന്നാണ് സുശാന്ത് നൽകിയ മറുപടി. ആ സ്നേഹമാണ് സം​ഗീതമായി പുറത്തേക്ക് വരുന്നതെന്നാണ് കല്ലിനെ തൊട്ടറിഞ്ഞ ഈ കലാകാരന്റെ ഭാഷ്യം. കല്ലാണെങ്കിലും അതിനൊരു മനസുണ്ട്, ജീവനുണ്ട്. കല്ലിനേക്കുറിച്ച് പറയുമ്പോൾ സുശാന്തിന്റെ ഹൃദയത്തിലെ ആത്മാർത്ഥത വാക്കുകളിൽ പ്രതിഫലിക്കുന്നു.