വെള്ളപ്പൊക്കത്തില്‍ ഭക്ഷണമില്ലാതെ വലഞ്ഞ പൂച്ചയ്ക്ക് ഭക്ഷണവുമായെത്തി പത്താംക്ലാസ്സുകാരി. അപ്പർ കുട്ടനാട്ടിൽ നിന്നാണീ കാഴ്ച. തന്റെ വീട്ടിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്ന പൂച്ചയെ പ്രദേശത്ത് മഴയിൽ വെള്ളം കയറിയ ശേഷം നീരജ കണ്ടിട്ടില്ല. ചുറ്റും മുട്ടൊപ്പം വെള്ളമായതിനാൽ എങ്ങോട്ടും പോവാനാവാതെ കുടുങ്ങിപ്പോയതാണ് പൂച്ച. ഭക്ഷണവും വെള്ളവുമില്ല. പക്ഷേ നീരജ പൂച്ചയെ മറന്നില്ല. ഒരുപാത്രം ഭക്ഷണവുമായി നീരജ പൂച്ചയെ തേടിയിറങ്ങി.

ഒടുവിൽ ഒരു മതിലിനുമുകളിൽ കരഞ്ഞുകൊണ്ടിരിക്കുന്ന പൂച്ചയെ അവൾ കണ്ടുപിടിച്ചു. കയ്യിൽക്കരുതിയിരുന്ന ഭക്ഷണം നൽകി. നാല് ദിവസമായി അപ്പർ കുട്ടനാട് മേഖലയിൽ വെള്ളം കയറിയിട്ട്. പല വീടുകളും വെള്ളത്തിലാണ്. വീട്ടുകാർ അഭയസ്ഥാനങ്ങളിലേക്ക് മാറിയപ്പോൾ നായകളും പൂച്ചകളും പശുക്കളുമടങ്ങുന്ന മൃ​ഗങ്ങളുടെ കാര്യമാണ് കഷ്ടത്തിലായത്. ചിലർ വീടുകളിലെത്തി മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് അതിനും സാധിക്കുന്നില്ല.