ആരവല്ലി പർവതശിഖരങ്ങൾക്ക് കീഴെ ഡൽഹിയിലെ സഞ്ജയ് വനം. 783 ഏക്കറുള്ള നിബിഡവനത്തിന് കീഴിലെ തടാകക്കാഴ്ച ഇപ്പോൾ വ്യത്യസ്തമാണ്. ഒരുദ്യാനമിവിടെ ഒഴുകി നടക്കുകയാണ്. തടാകത്തിലെ ജലം ശുദ്ധീകരിക്കുകയാണ് ഒഴുകുന്ന തടാകത്തിന്റെ ലക്ഷ്യം. ഏകദേശം നാലായിരം പുൽവർ​ഗത്തിൽപ്പെട്ട സസ്യങ്ങൾ കൃത്രിമ ചതുപ്പുനിലങ്ങളിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു. 

ഉദ്യാനസസ്യങ്ങൾ പുറംതള്ളുന്ന ഓക്സിജൻ ബാക്ടീരിയകൾ സ്വീകരിച്ച് വെള്ളത്തിലെ അമോണിയയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഴുകുന്ന ഉദ്യാനം ഇവിടെ നിർമിച്ചത്. സഞ്ജയ് തടാകം ശുദ്ധീകരിക്കപ്പെട്ടാൽ ഡൽഹിയിലെ 250-ലധികം തടാകങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സംസ്ഥാന ജല ബോർഡിന്റെ തീരുമാനം.