‘‘കോവിഡ് കാലം കഴിഞ്ഞാലും ഈ തൊഴിൽ തുടരും’’- തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കിടിലൻ പുതുജീവിതമാർഗം കണ്ടെത്തിയ കക്കോടിയിലെ നിവ്യയും പ്രബിതയും പറയുന്നത്. നവംബർ 17-നാണ് കോഴിക്കോട്-ബാലുശ്ശേരി റോഡിൽ കക്കോടിപാലത്തിനു സമീപം ഇരുവരും മീൻകച്ചവടം തുടങ്ങിയത്.

വൻകിട സൂപ്പർമാർക്കറ്റിലെ സെയിൽസ് പ്രമോട്ടറായിരുന്നു ആറുവർഷമായി പ്രബിത. നിവ്യ മൂന്നുവർഷമായി പ്രമുഖ വസ്ത്രവിപണന ശാലയിൽ സെയിൽസ് ഗേളും. ഇരുവരും പ്ലസ് ടു പാസായവർ. കോവിഡ് മഹാമാരി തൊഴിൽ നഷ്ടപ്പെടുത്തിയപ്പോൾ ജീവിതം കരുപ്പിടിപ്പിക്കാൻ ഇവർ പാതയോരത്ത് മീൻതട്ടൊരുക്കുകയായിരുന്നു.

കക്കോടി അഭയം കുടുംബശ്രീയിൽനിന്ന് 20,000 രൂപ കടമെടുത്തു. കുടുംബം പിന്തുണയേകി. രാവിലെ ഏഴു മണിയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീനെത്തും. ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെയും ഇവരുടെ മത്സ്യവില്പന പൊടിപൊടിക്കും. രാത്രിയിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിലാണ് കച്ചവടം. ന്യായവിലയായതിനാൽ സ്ഥിരമായി ഇവിടെനിന്ന് മീൻ വാങ്ങുന്നവർ ഏറെ. 

മുമ്പ് വിപണനരംഗത്ത് പ്രവർത്തിച്ചതിന്റെ പരിചയം കൈമുതലാക്കിയാണ് ഇവരുടെ കച്ചവടം. മീൻ വൃത്തിയാക്കി, മുറിച്ച് നൽകുന്നതിനാൽ വീട്ടമ്മമാർക്കും സന്തോഷം. കല്യാണസദ്യയ്ക്കുള്ള ഓർഡറും സ്വീകരിക്കാറുണ്ട്.