തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടിയില്‍ ഒരു തട്ടുകടയുണ്ട്. കട നടത്തുന്നത് ഡിഗ്രി വിദ്യാർഥിയായ മെറിൻഡയും അമ്മയും. അവിടെ ചീഫ് കുക്ക് മെറിൻഡയാണ്. നല്ല ചൂടു പൊറോട്ടയും ബീഫുമടക്കം നിരവധി വിഭവങ്ങള്‍ മിറാന്‍ഡയുണ്ടാക്കും. ഏഴുകിലോയിലധികം പൊടി മെറിന്‍ ഒറ്റയ്ക്ക് കുഴയ്ക്കും. വീശിയടിച്ചുണ്ടാക്കുന്ന പൊറോട്ടയ്ക്ക് രുചിയേറെ. പഴയ പൊറോട്ട മേയ്ക്കറുടെ അടുത്ത് നിന്ന് കണ്ടുപഠിച്ചതാണ് മെറിൻഡ.
15 വർഷം മുമ്പാണ് മെറിൻഡയും അമ്മ അമ്മിണിയേയും രണ്ട് ചേച്ചിമാരേയും ഉപേക്ഷിച്ച് അച്ഛൻ പോയത്. ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ അമ്മ അമ്മിണി മൂവരെയും പഠിപ്പിച്ചു. ഇതിനിടയില്‍ വന്ന കനത്ത സാമ്പത്തിക ബാധ്യതയില്‍ അമ്മയെ തനിച്ചാക്കാതെ മെറിനും ജോലിക്കിറങ്ങി. അങ്ങനെ മെറിൻഡ തട്ടുകടയിൽ പൊറോട്ട മേയ്ക്കറായി. പരീക്ഷാ കാലത്ത് പൊറോട്ടയുടെ എണ്ണം കുറച്ച് പഠിക്കാൻ സമയം കണ്ടെത്തും. അന്നം സ്വന്തം ഉത്തരവാദിത്തമായതിനാൽ മെറിൻഡ കോളേജ് ഡേ പോലുള്ള കോളേജ് പരിപാടിക്കൊന്നും പോകാറില്ല. കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയാൽ കുടുംബം പട്ടിണിയാകും. പോരാത്തതിന് ലക്ഷങ്ങൾ കടവുമുണ്ട് ബാങ്കിൽ.
ആദ്യം ടാപ്പിങ് ജോലി ചെയ്തു. ഒപ്പം പഠനവും. അഞ്ച് വര്‍ഷമായി കാഞ്ഞിരക്കോട് പള്ളമണ്ണ പാലത്തിന് സമീപം തട്ടുകട നടത്തുകയാണ് ഈ അമ്മയും മകളും. തൃശൂര്‍ കോപ്പറേറ്റീവ് കോളജില്‍ രണ്ടാം വര്‍ഷം ബി.കോം വിദ്യാര്‍ഥിനിയാണ് മെറിൻഡ. ഉച്ചവരെയാണ് ക്ലാസ്. അത് കഴിഞ്ഞാല്‍ നേരെ കടയിലേക്ക്. പഠിക്കണം. ബാങ്ക് ജോലിയാണ് ലക്ഷ്യം. വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. ഈ അധ്വാനമൊക്കെയും അതിന് വേണ്ടിയാണ്.
(ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..