കേള്‍ക്കാനും സംസാരിക്കാനും സാധിക്കാത്തവര്‍ക്കായുള്ള ആംഗ്യഭാഷയില്‍ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണ് ഒരുപറ്റം ചെറുപ്പക്കാര്‍. നിഷ് ലെഡിഗ്രി എച്ച് ഐ ഡിപ്പാര്‍ട്ട്മെന്റ്‌ ഇന്ത്യന്‍ ആംഗ്യ ഭാഷാ അധ്യാപകരും ആള്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡെഫിന്റെ അംഗങ്ങളുടെയും സഹായത്തോടുകൂടി മലയാളത്തില്‍ ആംഗ്യഭാഷ ലിപി സൃഷ്ടിച്ചിരിക്കുകയാണ് ഇവര്‍.

ബധിരരും മൂകരുമായ ഷിഞ്ചു സോമന്‍, സരുണ്‍ സൈമണ്‍, സന്ദീപ് കൃഷ്ണന്‍, അരുണ്‍ ഗോപാല്‍, രാഗി രവീന്ദ്രന്‍ എന്നിവരാണ് ഈ മലയാളം ആംഗ്യ ലിപി തയാറാക്കിയത്. മലയാളത്തില്‍ ഇതുവരെ ഒരു ആംഗ്യഭാഷ ലിപി ഉണ്ടായിരുന്നില്ല. ഈ പരിമിതിയാണ് ഇവര്‍ മറികടന്നിരിക്കുന്നത്.  മലയാള ഭാഷയില്‍ ഒരു ഏകീകൃത ഫിങ്ഗര്‍ സ്പെല്ലിംഗ് ഉണ്ടാക്കുകയും ശ്രവണ പരിമിതര്‍ക്കായുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ലിപി തയ്യാറാക്കിയത്.