കൈയിലും കാലിലും വിലങ്ങണിഞ്ഞ് ഡോൾഫിൻ രതീഷ് ദേശീയജലപാതയിലൂടെ നീന്തിക്കയറിയത് ഗിന്നസ് റെക്കോഡ് എന്ന നേട്ടത്തിലേക്ക് മാത്രമായിരുന്നില്ല; ഒരു നാടിന്റെ അഭിമാനത്തിലേക്കുകൂടിയായിരുന്നു. ഇരുകരകളിലുംനിരന്ന ആയിരങ്ങളെ സാക്ഷിനിർത്തി രതീഷ് അഞ്ചുമണിക്കൂർ പത്തുമിനിറ്റുകൊണ്ട് 10 കിലോമീറ്ററാണ് താണ്ടിയത്.

മാൽപെ കടലിൽ മൂന്നരക്കിലോമീറ്റർ നീന്തിയ ഗോപാൽകാർവിയുടെ റെക്കോഡാണ് തകർത്തത്. ബുധനാഴ്ച രാവിലെ 8.50-ന് കരുനാഗപ്പള്ളി പണിക്കരുകടവ് പാലത്തിനു സമീപത്തുനിന്നുതുടങ്ങിയ സാഹസികനീന്തൽ രണ്ടുമണിയോടെ ആയിരംതെങ്ങ് പാലത്തിനുസമീപം അവസാനിച്ചു.

കാപ്പെക്സ് ചെയർമാൻ പി.ആർ.വസന്തന്റെയും കോൺഗ്രസ് നേതാവ് സി.ആർ. മഹേഷിന്റെയും സാന്നിധ്യത്തിൽ കരുനാഗപ്പള്ളി എം.എൽ.എ. ആർ.രാമചന്ദ്രനാണ് ഫ്ളാഗ്ഓഫ് ചെയ്തത്. നീന്തൽതാരങ്ങളും ഇതിന്റെ ജഡ്ജിങ് പാനൽ അംഗങ്ങളുമായ അനുജയും ലിജുവും വിലങ്ങണിയിച്ചു. 

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയായിരുന്നു നീന്തൽ. വേലിയിറക്കമായതിനാൽ ആദ്യം കുറച്ചുവേഗത്തിൽ മുന്നേറിയെങ്കിലും അവസാനഘട്ടത്തിൽ വേലിയേറ്റമായതിനാൽ കഠിനമായിരുന്നു. എങ്കിലും നിശ്ചയദാർഢ്യവും സാഹസികോർജവുംകൊണ്ട് രതീഷ് ലക്ഷ്യത്തിലെത്തി.