2020-ലെ അഞ്ചാമത്തേയും ഈ സീസണിലെ മൂന്നാമത്തേയും ചുഴലിക്കാറ്റാണ് ബുറെവി. ബംഗാള്‍ ഉള്‍ക്കടലിലാണ് ബുറെവി രൂപപ്പെട്ടത്. മാലദ്വീപാണ് ഈ പേര് നിര്‍ദേശിച്ചത്. മാലദ്വീപില്‍ വളരുന്ന കണ്ടലിന് സമാനമായ ചെടിയുടെ പേരാണിത്
ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ പൂവിടുന്ന ഇവയ്ക്ക് അഞ്ചിതളുകളുണ്ട്. മരുന്ന് നിര്‍മാണത്തിനും മറ്റുമായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ചെടിക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല.
ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് പേര് തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ നിര്‍ദേശിക്കപ്പെട്ട 169 പേരുകള്‍ ദേശീയ കാലാവസ്ഥാവകുപ്പ് കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. അക്ഷരമാലാ ക്രമത്തില്‍ ഓരോ രാജ്യവും നിര്‍ദേശിക്കുന്ന പേര് തിരഞ്ഞെടുക്കും. ഇപ്രകാരമാണ് മാലദ്വീപ് ബുറെവി എന്ന പേര് നിര്‍ദേശിച്ചത്.