കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചു. 'വാക്സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണെന്നും കോവിഡ് വാക്സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം - ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. 

രണ്ടാംഘട്ട വാക്സിനേഷന് രാജ്യം തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. ദിവസങ്ങള്‍ക്കകമാണ് സമയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുള്ളത്. 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നുണ്ട്. പത്ത് ലക്ഷത്തോളം പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 1.56 കോടി ജനങ്ങള്‍ ഇതിനകം കോവിഡ് വാക്സിന്‍ കുത്തിവെച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.