പാടിയും പഠിച്ചും ചിരിച്ചും ചിരിപ്പിച്ചും കാന്‍സറിനെ തോല്‍പ്പിക്കുകയാണ് അവനി. എട്ടാംക്ലാസ് മുതല്‍ കൂടെ കൂടിയ രോഗത്തിനോട് നിര്‍ഭയമായി പൊരുതുന്ന അവനി മാതാപിതാക്കള്‍ക്കും പ്രതീക്ഷയുടെ ഊര്‍ജം നിറയ്ക്കുന്നു. ശുഭചിന്തകളുടെ സൗന്ദര്യം പകരുന്നു. കടുപ്പക്കാരനായ കാന്‍സറിനോട് പുഞ്ചിരികൊണ്ട് പൊരുതുന്ന അവനി പ്രതിസന്ധികളില്‍ പതറി തോറ്റുപോകുന്നവര്‍ക്കുള്ള ഉത്തരമാണ്. നാടും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം അവള്‍ക്ക് പിന്നിലുണ്ട്. അപ്പോള്‍ കാന്‍സറിന് തോറ്റുപിന്മാറുകയല്ലാതെ പിന്നെ എന്താണ് മാര്‍ഗം.