കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണപ്രസാദ് വളര്‍ത്തുന്നതാണ് ഈ പൂവനേയും കാടയേയും. അസീല്‍ വര്‍ഗത്തില്‍ പെട്ട പൂവന്‍ കോഴിക്ക്  ആറ് മാസം വളര്‍ച്ച എത്തിയപ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു. പൂവന്‍ ഇരുട്ടില്‍ തപ്പി കഷ്ടപ്പെടുന്നതിനിടെയാണ് ഈ വീട്ടിലേക്ക് ഒരു കാടക്കുഞ്ഞ് എത്തുന്നത്. രണ്ടു പേരേയും കൃഷ്ണപ്രസാദ് ഒരു കൂട്ടിലിട്ടു, പതിയെ ശബ്ദത്തിലൂടെ പൂവന്‍ കാടയോട് അടുത്തു. രണ്ട് വര്‍ഷമായി ഈ കാടക്കുഞ്ഞാണ് പൂവന്റെ വഴികാട്ടി. ഇപ്പോള്‍ കുറച്ച് നേരം കാടയുടെ ശബ്ദം കേള്‍ക്കാതിരുന്നാല്‍ പൂവന്‍ അസ്വസ്ഥനാകും. കൂട്ടില്‍നിന്ന് പറന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കും. കാടയുടെ ശബ്ദം കേട്ടാല്‍ ആ നിമിഷം ശാന്തനാവുകയും ചെയ്യും.