നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ കേരളത്തിലെ പ്രമുഖരെയെല്ലാം കളത്തിലിറക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. 

ശ്രദ്ധാകേന്ദ്രമായ നേമം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മത്സരിക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് ജനവിധി തേടും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാര്‍, വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷ്, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ് എന്നിവര്‍ മത്സരിക്കും. 

കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശ്, ധര്‍മ്മടത്ത് സി.കെ. പദ്മനാഭന്‍, തിരൂരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വി.സി. ഡോ. അബ്ദുള്‍ സലാം, ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവര്‍ മത്സരിക്കും. അതേസമയം, നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളില്ല എന്നതും ശ്രദ്ധേയമാണ്.