ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ വലയില്‍ കുടങ്ങിയതാണ് ആ തെരുവുനായ. മുന്നോട്ടും പിന്നോട്ടും പോവാനാവാതെ ആരെങ്കിലും രക്ഷയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചങ്ങനെ കുറെ സമയം കിടന്നു. ആ മിണ്ടാപ്രാണിയുടെ നിസ്സഹായത കണ്ട് രക്ഷയ്‌ക്കെത്തിയത് തൊട്ടില്‍പ്പാലം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ശ്രീനാഥ്. 

ആദ്യം അല്‍പ്പമൊന്ന് പേടിച്ചെങ്കിലും  തന്റെ രക്ഷകനാണ് അടുത്തെത്തിയതെന്നറിഞ്ഞ തെരുവുനായ വല മുഴുവന്‍ ദേഹത്ത് നിന്ന് വെട്ടിമാറ്റുന്നത് വരെ അനുസരണയുള്ളവനായി. കുറച്ച് നേരത്ത പരിശ്രമത്തിന് ശേഷം വാലാട്ടി നന്ദി പ്രകടിപ്പിച്ച് വീണ്ടും ജീവിതത്തിലേക്ക്. ഇന്നലെ രാവിലെയായിരുന്നു തൊട്ടില്‍പ്പാലം പോലീസ്  സറ്റേഷന് സമീപത്ത് ആരോ വലിച്ചെറിഞ്ഞ വലയില്‍ തെരുവുനായ കുടുങ്ങിയത്. ഒരു വര്‍ഷം മുമ്പ്  ഓവുചാലില്‍ കുടുങ്ങിപ്പോയ പട്ടിക്കുട്ടികള്‍ക്കും രക്ഷകനായി ശ്രീനാഥ് എത്തിയിരുന്നു.