ഇത് രണ്ട് വയസുകാരി ആമിന. തിരുവനന്തപുരം ആന പരിപാലന കേന്ദ്രത്തിലെ പുതിയ അന്തേവാസി. അമ്മച്ചൂടറിഞ്ഞ് ഉണ്ടുറങ്ങി കളിച്ചുതിമിര്‍ക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി അമ്മയെ നഷ്ടപ്പെട്ട കുട്ടിയാന. വിതുര കല്ലാര്‍ കൊങ്ങന്‍ മരുതുമൂടിന് സമീപം വാമനപുരം നദിക്കരയില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡത്തിന് സമീപം രാത്രിമുഴുവന്‍ ചുറ്റിക്കറങ്ങി നടന്ന ഈ കുട്ടിയാനയെ പിന്നീട് വനംവകുപ്പ് കാപ്പുകാട്ടെ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

'ആന' എന്ന പദത്തിനൊപ്പം ആനകള്‍ക്ക് നടുവില്‍ ജീവിക്കുന്ന മനുഷ്യര്‍ എന്ന് അര്‍ഥമാക്കുന്ന 'മീ' (ME) എന്ന വാക്കും കൂട്ടി ചേര്‍ത്താണ് 'ആമിന' എന്ന് ഇവളെ വിളിക്കുന്നത്. ആമിന എത്തിയതോടെ പുതിയ കൂട്ടുകാരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂര്‍ണ്ണ, മായ, ശ്രീക്കുട്ടി, കണ്ണന്‍, മനു എന്നി കുട്ടിയാനകള്‍. ഇപ്പോള്‍ കെയര്‍ടേക്കറായ കോട്ടൂര്‍ സ്വദേശി സന്തോഷുമായി ആമിന ഇണങ്ങിക്കഴിഞ്ഞു.

മനുഷ്യരോടുള്ള ഭീതിയും മാറി. ആദ്യമൊക്കെ ആളുകളെ കണ്ടാല്‍ ഇടിച്ചിടുമായിരുന്നുവെന്നാണ് സന്തോഷ് പറയുന്നത്. കാടിന്റെ വിശാലതയില്‍ നിന്ന്  നാലുചുവരുകളുടെ ഒറ്റമുറിയിലേക്ക് എത്തിയതിന്റെ അസ്വസ്ഥതയും പിണക്കവുമൊക്കെയായിരുന്നു ആദ്യം. അതൊക്ക മാറി. അമ്മയെ നഷ്ടപ്പെട്ടതിന്റെ ദുഃഖമുണ്ടെങ്കിലും ഇപ്പോള്‍ നാട്ടുഭാഷയുടെ മധുരം നുണഞ്ഞ് പതിയെ ഉഷാറായി വരികയാണ് ആമിന.