അരിസോണയിലെ ബിസിനസ് ട്രിപ്പും കഴിഞ്ഞ് പുലര്‍ച്ചെ ഒന്നേ നാല്‍പ്പത്തിയെട്ടിന് വീട്ടിലെത്തിയതാണ് ഷനാന്‍ വാട്ട്‌സ്. സുഹൃത്തിന്റെ വാഹനത്തില്‍ വന്നിറങ്ങിയ ഷനാനെ പിന്നീടാരും കണ്ടിട്ടില്ല. വീട്ടിലെന്തെടുക്കുന്നു എന്നറിയാന്‍ ഫോണ്‍ ചെയ്ത സുഹൃത്ത് നിക്കോള്‍ ആറ്റ്കിന്‍സണ് മറുപടിയൊന്നും ലഭിക്കുന്നില്ല.

അമേരിക്കയിലെ കൊളറാഡോയില്‍ 2018 ആഗസ്റ്റ് 13-ന് നടന്ന ദാരുണമായ മൂന്ന് കൊലപാതകങ്ങളെ ആസ്പദമാക്കി ജെന്നി പോപ്പിള്‍വെല്‍ സംവിധാനം ചെയ്ത ഡോക്യൂ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് അമേരിക്കന്‍ മര്‍ഡര്‍: ദ ഫാമിലി നെക്സ്റ്റ്‌ഡോര്‍.

ഷനാന്‍ കാതറീന്‍ വാട്ട്‌സ്, നാലും മൂന്നും വയസ് മാത്രം പ്രായമുള്ള മക്കളായ ബെല്ല, സെലസ്റ്റി എന്നിവര്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടു. പ്രതി ഭര്‍ത്താവ് ക്രിസ്റ്റഫര്‍ ലീ വാട്ട്‌സ്. മരിക്കുന്ന സമയത്ത് 15 ആഴ്ച ഗര്‍ഭിണിയായിരുന്നു ഷനാന്‍. അത്രയും സന്തോഷകരമായ ജീവിതം നയിച്ചുവരവേ ഷനാനെയും സ്വന്തം രക്തത്തില്‍ പിറന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും ഒരു ദാക്ഷിണ്യവുമില്ലാതെ കൊലപ്പെടുത്താന്‍ മാത്രം എന്ത് കാരണമാണ് ക്രിസ്റ്റഫറിനുണ്ടായിരുന്നത്?