പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബാങ്ക് ജീവനക്കാര്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. കേന്ദ്ര തീരുമാനം ജീവനക്കാരുടെ അവകാശങ്ങള്‍ പരിഗണിച്ചായിരിക്കുമെന്നും ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങളുണ്ടാവാനും സുസ്ഥിരമാവാനും വേണ്ടിയാണ് പുതിയ നിലപാട് എന്നും മന്ത്രി വ്യക്തമാക്കി. 

എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ബാങ്ക് ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. പബ്ളിക് എന്റര്‍പ്രൈസ് പോളിസിയുടെ ഭാഗമായി സര്‍ക്കാര്‍ സാന്നിദ്ധ്യം തുടര്‍ന്നും ആവശ്യമായ നാല് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട് അതിനാല്‍ സാമ്പത്തിക മേഖലയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.