അധ്യാപകര്‍ കുട്ടികളെ ശാസിക്കുന്നതും ചെറുതായെങ്കിലും ശിക്ഷിക്കുന്നതും ഭാവിയില്‍ അവര്‍ക്ക് ഗുണം വരുന്നതിനാണെന്നാണ് പറച്ചില്‍. എന്നാല്‍ ഒരു ടീച്ചറിന്റെ അതിരുവിട്ട ശിക്ഷയിലൂടെ ഒരു മൂന്നാം ക്ലാസ്സുകാരന്  നഷ്ടമായത് അവന്റെ ഒരു കണ്ണാണ്. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ആ എട്ടുവയസുകാരനുനേരെ ടീച്ചര്‍ പേന വലിച്ചെറിഞ്ഞത്. പേന കണ്ണില്‍ തുളച്ചുകയറി അല്‍-അമീന് തന്റെ കാഴ്ച നഷ്ടപ്പെട്ടു. പതിനാറ് വര്‍ഷത്തിനിപ്പുറം കുറ്റക്കാരിയായ ടീച്ചര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു.

മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്‌സോ കോടതി വിധിച്ചത്. അപകടത്തിന് ശേഷം മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും അല്‍-അമീന്റെ കണ്ണില്‍ ഇരുട്ട് സ്ഥാനമുറപ്പിച്ചുരുന്നു. അവന്റെ ഭാവിയെത്തന്നെ തച്ചുടച്ച ആ പ്രവര്‍ത്തിക്ക് അല്‍പ്പം വൈകിയെങ്കിലും ടീച്ചര്‍ക്ക് ശിക്ഷ ലഭിക്കുകതന്നെ ചെയ്തു, എന്നാല്‍ അല്‍-അമീന് ലഭിച്ചതെന്താണ്!