മുട്ടവിരിഞ്ഞ് പെരുമ്പാമ്പിന്‍കുഞ്ഞ് തലപൊക്കിനോക്കിയപ്പോള്‍ എങ്ങും ലോക്ഡൗണ്‍ നിശ്ശബ്ദത. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒപ്പമുണ്ടായിരുന്ന ബാക്കി മുട്ടകള്‍കൂടി വിരിഞ്ഞു. കോഴിക്കോട് മാത്തോട്ടം വനശ്രീയിയില്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിരിഞ്ഞത് 48 പെരുമ്പാമ്പിന്‍ മുട്ടകളാണ്. ഇനിയുമുണ്ട് വിരിയാന്‍. ഇത്രയധികം മുട്ടകള്‍ അടവെച്ച് വിരിയിക്കുന്നത് വനശ്രീയില്‍ ഇതാദ്യമാണ്.

മാര്‍ച്ച് 15-ന് കോഴിക്കോട് കാരപ്പറമ്പ് കനാലിനോടുചേര്‍ന്നുള്ള വീട്ടില്‍നിന്നാണ് മുട്ടകള്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. ഇതിനെ താമരശ്ശേരി വനത്തില്‍ തുറന്നുവിട്ടു. ഡി.എഫ്.ഒ. എം. രാജീവന്റെ നിര്‍ദേശപ്രകാരം മുട്ടകള്‍ അടവിരിയിക്കാനായിവെച്ചു. മുട്ടകള്‍ ശാസ്ത്രീയമായ രീതിയിലൂടെ ചൂടുനല്‍കിയാണ് വിരിയിച്ചത്. ബക്കറ്റില്‍ മണ്ണുനിറച്ച് മുട്ടകള്‍ നിരത്തും. അതിനുമുകളിലായി ഉണങ്ങിയ ഇലകളും മറ്റും െവച്ച് സൂര്യപ്രകാശം കൊള്ളാത്ത സ്ഥലത്ത് സൂക്ഷിച്ചാണ് മുട്ടകള്‍ വിരിയിച്ചത്.