ലോക ചരിത്രത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുദ്ധങ്ങളിലൊന്നായിരുന്നു 13 ദിവസം മാത്രം നീണ്ടുനിന്ന 1971 ലെ ഇന്ത്യ - പാക് യുദ്ധം. അന്ന് ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ധാക്കയില്‍ ഇന്ത്യന്‍ പതാക പാറിപ്പറന്നു. യുദ്ധത്തിനൊടുവില്‍ ജനറല്‍ അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയുടെ നേതൃത്വത്തില്‍ 93,000 പാക് സൈനികര്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ സൈനിക കീഴടങ്ങലുകളിലൊന്നായി അത്. 

ജനറല്‍ നിയാസി കീഴടങ്ങല്‍ രേഖ ഒപ്പുവച്ചതിന് പിന്നാലെ, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബംഗ്ലാദേശിന്റെ സ്വതന്ത്ര പ്രഖ്യാപനം നടത്തി. അതോടെ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി നിലനിന്ന പാകിസ്താന്‍ രണ്ടായി. കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശം ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രമായി മാറി. 

8000ത്തോളം പാക് സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. 25,000 പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യയുടെ 3000ത്തോളം ധീരസൈനികര്‍ വീരമൃത്യു വരിച്ചു. 12,000ത്തോളം പേര്‍ക്ക് പരിക്കേറ്റു. യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിനുവേണ്ടി അന്ന് യുദ്ധഭൂമിയില്‍ കൊടുങ്കാറ്റുയര്‍ത്തിയ ഓരോ സൈനികന്റെയും ഓര്‍മകള്‍ അഭിമാനത്തോടെ നെഞ്ചിലേറ്റുകയാണ് ഓരോ ഭാരതീയനും.