അഷ്ടമിരോഹിണിക്കു മാത്രമല്ല എപ്പോഴും ഗുരുവായൂര്‍ എന്റെ മനസ്സിലുണ്ട്. ഓരോ ദിവസവും തുടങ്ങുന്നത് അവിടുത്തെ കളഭം നെറ്റിയില്‍ തൊട്ടുകൊണ്ടാണ്. ഏതു യാത്രയിലും കൂടെ കൊണ്ടുപോകുന്ന പാട്ടുപുസ്തകത്തില്‍ ഒട്ടിച്ചുവെച്ച ഗുരുവായൂരപ്പന്റെയും മൂകാംബികയുടെയും ചിത്രങ്ങളുണ്ട്. ഓരോ പാട്ടും പാടുന്നതിനുമുമ്പേ കൈവിരലിലെ ഗുരുവായൂരപ്പന്റെ മോതിരത്തില്‍ ഞാന്‍ തൊടും. കാലങ്ങളായി അതൊരു ശീലമാണ്.

കണ്ണന്റെ അനുഗ്രഹത്തോടെവേണം ഓരോ സ്വരവും. ലോകത്തെവിടെയായാലും ഏകാദശി വ്രതവും മുടക്കാറില്ല. പക്ഷേ, ഞങ്ങളെപ്പോലുള്ളവര്‍ക്ക് മോഹിക്കുന്നതുപോലെ പലയിടത്തും എത്തിപ്പെടാനാവില്ല, പ്രത്യേകിച്ച് വിശേഷദിവസങ്ങളില്‍. എങ്കിലും കേരളത്തില്‍ വരുമ്പോഴെല്ലാം ഗുരുവായൂരില്‍ പോകും. അങ്ങനെ വരുമ്പോള്‍ സൗകര്യത്തിന് തങ്ങാന്‍ അവിടെയൊരു അപ്പാര്‍ട്ട്മെന്റും വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഷ്ടമിരോഹിണിക്ക് മൂന്നുദിവസം ഗുരുവായൂരില്‍ താമസിച്ചുതൊഴാന്‍ ഭാഗ്യം കിട്ടി.

മനസ്സുനിറഞ്ഞ ആ ദിനം

ഉത്സവങ്ങള്‍ക്ക് ഗുരുവായൂരില്‍ വന്നു പാടിയിട്ടുണ്ട്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍. പക്ഷേ, ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നത് ഇരുപതു വര്‍ഷംമുമ്പത്തെ ഒരു ദിവസമാണ്. ചേച്ചിയും ഞാനും ഗുരുവായൂരില്‍ ഉദയാസ്തമനപൂജ വഴിപാടു കഴിച്ച ദിവസം. അന്ന് ശ്രീകോവില്‍ നടയില്‍നിന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും പാടാന്‍ കഴിഞ്ഞു. കൃഷ്ണഭജന്‍ ആണ് പാടിയത്. ആ ദിവസം മറക്കാനാവില്ല. അതുപോലെ ഹൃദയം നിറഞ്ഞ ദിനം മറ്റൊന്നില്ല.

കണ്ണനെ കാണാനുള്ള കാത്തിരിപ്പ്

എത്ര വേദികളില്‍ ആ ഗാനം പാടിയിട്ടുണ്ടെന്ന് എനിക്കറിയില്ല. 'അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു...' ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സാര്‍ എഴുതി ടി.എസ്. രാധാകൃഷ്ണജിയുടെ സംഗീതത്തില്‍ തരംഗിണിയുടെ തുളസീതീര്‍ഥത്തിനായി പാടിയ പാട്ട്. 'തിരുവാറന്‍മുള കൃഷ്ണാ' എന്ന ഗാനമാണ് മറ്റൊന്ന്. 'മൗലിയില്‍ മയില്‍പ്പീലി...' രഞ്ജിത്തിന്റെ 'നന്ദന'ത്തിനുവേണ്ടി പാടിയതാണ്. പിന്നെയും എത്രയോ പാട്ടുകള്‍.

ഇരുട്ടുനിറഞ്ഞ ഈ കോവിഡ് കാലം കഴിഞ്ഞ് ഞങ്ങള്‍ വരും. അതിനാണ് കാത്തിരിപ്പ്, കണ്‍നിറയെ കണ്ണനെ കാണാന്‍.