മരുഭൂമിയിലൊരു വന്യമൃഗശാല, ദുബായ് സഫാരിക്ക് തുടക്കം

ദുബായ്: കാത്തിരിപ്പിന് വിട. വന്യ പക്ഷി,മൃഗാദികളുടെ വലിയ ലോകം തുറന്ന് ദുബായ് സഫാരിക്ക് തുടക്കം. 119 ഹെക്ടറില്‍ ഒരുക്കിയ വിസ്മയ വന്യമൃഗശാലയില്‍ ഇനി മുതല്‍ സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച സഫാരി പാര്‍ക്കെന്ന  പദവി സ്വന്തമാക്കുന്ന രൂപകല്‍പനയും സംവിധാനങ്ങളുമുള്ള ദുബായ് സഫാരി കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകരും.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായ ദുബായ് സഫാരിയില്‍ രണ്ടായിരത്തിന് മുകളില്‍ മൃഗങ്ങളുണ്ട്. സാധാരണ മൃഗശാലകളില്‍നിന്നു വ്യത്യസ്തമായി തുറസ്സായ സ്ഥലങ്ങളിലാണ് കടുവയും സിംഹവും മാനുകളും കാട്ടുപോത്തുകളും കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുക. പുല്‍ത്തകിടികളും ചെറുകുളങ്ങളും മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് അനുസൃതമായി തണുപ്പിച്ചു കൊണ്ടിരിക്കും. ഇതിനായി പ്രത്യേക ശീതീകരണ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.

സന്ദര്‍ശകരെ മുഖ്യകവാടത്തില്‍നിന്നു ചെറുട്രെയിനുകളിലും വണ്ടികളിലുമായാണ് പാര്‍ക്കിനുള്ളിലേക്ക് കൊണ്ടുവരിക. ഇവിടെനിന്നു കവചിത വാഹനങ്ങളില്‍ മൃഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോകും. വഴിയരികില്‍ സിംഹങ്ങളും പക്ഷികളും വാഹനങ്ങള്‍ക്ക് തൊട്ടരികിലെത്തും. 

രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് സഫാരിയുടെ പ്രവര്‍ത്തന സമയം. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സഫാരി ദുബായിയുടെ മികച്ച പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ ഒന്നാണ്. സഫാരി മുഴുവന്‍ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് കുട്ടികള്‍ക്ക് 30 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവുമാണ്. ഡ്രാഗണ്‍ മാര്‍ട്ടിനടുത്ത് ദുബായ് - ഹത്ത റോഡിലാണ് സഫാരി ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section