പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം കണ്ണൂരിൽനിന്ന് വളർത്തിക്കൊണ്ടുവന്ന വനിതാ നേതാവ്. ഏതാനം വർഷങ്ങൾക്കപ്പുറം പാർട്ടി മുൻനിരയിലേക്ക് കടന്നുവരേണ്ടിയിരുന്ന മുഖങ്ങളിലൊന്ന്. അടുത്ത തവണ എംഎൽഎയോ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ മന്ത്രി വരെയോ ആകേണ്ടിയിരുന്ന നേതാവ്. രാഷ്ട്രീയ ജീവിതത്തിൽ പി.പി ദിവ്യയ്ക്ക് ഇങ്ങനെയൊരു വീഴ്ച സിപിഎം ഒരിക്കലും പ്രതീക്ഷിച്ചതല്ല. 'ഒരു നിമിഷം മതി നമ്മുടെ ജീവിതത്തിൽ എന്തും സംഭവിക്കാൻ', എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച അന്നത്തെ ആ ചടങ്ങിൽ ദിവ്യ തന്നെ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമായിരുന്നു ഇത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ശോഭിച്ച ദിവ്യയുടെ രാഷ്ട്രീയ ജീവിതത്തിലും ആ വാക്കുകൾ അറംപറ്റി.

To advertise here,

കോടതി ജാമ്യ ഹർജി തള്ളിയതോടെ പാർട്ടി നിർദേശപ്രകാരമായിരുന്നു ദിവ്യയുടെ കീഴടങ്ങൽ. എന്നാൽ അറസ്റ്റിന് ശേഷവും തെല്ലുമൊരു കുറ്റബോധം ആ മുഖത്തുണ്ടായില്ല. കൂക്കിവിളികൾക്കിടയിലൂടെ പോലീസ് വലയത്തിൽ ജയിലിലേക്ക് പോകുമ്പോൾ പോലും ചെറു പുഞ്ചിരി. പാർട്ടും സർക്കാരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണോ ആ പുഞ്ചിരിക്ക് പിന്നിലുള്ളതെന്നും സംശയിക്കാം. റിമാൻഡ് കാലയളവ് കഴിയുന്നത് വരെ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ദിവ്യ. നവീൻ ബാബു ഉള്ളുരുകി ജീവിതം അവസാനിപ്പിച്ച ക്വാർട്ടേഴ്സിൽനിന്ന് മീറ്ററുകൾ മാത്രം അകലെയുള്ള ജയിൽ.

പാർട്ടിയും സർക്കാരും പോലീസും ഒരുപോലെ സംരക്ഷണ വലയമൊരുക്കി കാത്ത 14 ദിനരാത്രങ്ങൾ. ഒടുവിൽ മറ്റുവഴികളില്ലാതെ നാടകീയമായ കീഴടങ്ങൽ. പുറത്ത് നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുമ്പോഴും ദിവ്യയ്ക്ക് എല്ലാ സൗകര്യവും ഒരുക്കി ഇത്രയും നാൾ കാത്തതിന് പിന്നിലും പാർട്ടിയുടെ കരങ്ങളുണ്ടായിരുന്നു. ആ സംരക്ഷണം സിപിഎം ഇനിയും തുടരുമോ? അതോ പൊതുജനമധ്യത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാൻ ആയിട്ടെങ്കിലും ദിവ്യയ്ക്കെതിരേ നടപടി ഉണ്ടാകുമോ?