സഹസ്ര കോടീശ്വരന്മാരായ ഇലോൺ മസ്കും റിച്ചാർഡ് ബ്രാൻസണും സ്വന്തം വാഹനങ്ങളിൽ ബഹിരാകാശ സഞ്ചാരത്തിനിറങ്ങി ചരിത്രം സൃഷ്ടിച്ചത് ജൂലൈയിലാണ്. ഇപ്പോഴിതാ സാധാരണക്കാരുടെ ബഹിരാകാശ സഞ്ചാരവും തുടങ്ങിയിരിക്കുന്നു. കൃത്രിമക്കാലിൽ നടക്കുന്ന 29 വയസുള്ള ഫിസിഷ്യൻ അസിസ്റ്റന്റ്, 51 വയസുള്ള കമ്മ്യൂണിറ്റി കോളേജ് പ്രൊഫസർ, 42കാരനായ ഡാറ്റ എഞ്ചിനീയർ, പിന്നെ സ്കൂൾ പഠനം പൂർത്തിയാക്കാതെ സ്വന്തം ബിസിനസ് തുടങ്ങി കോടീശ്വരനായി മാറിയ 38കാരൻ. ഇവരെല്ലാംകൂടി കഴിഞ്ഞദിവസം സ്പേസ് എക്സിന്റെ റെസിലിയൻ ക്യാപ്സ്യൂളിൽ ഭൂമിയെ ചുറ്റാൻ പോയി.

555 കിലോമീറ്റർ ഉയരത്തിൽ മൂന്ന് ദിവസമാണ് ഭൂമിയെ ചുറ്റിക്കറങ്ങിയത്. കൂടെ ബഹിരാകാശ ശാസ്ത്രജ്ഞരോ മറ്റ് വിദ​ഗ്ധരോ ഇല്ലാതെയുള്ള യാത്രയായിരുന്നു അത്. കയ്യിൽ ആവശ്യത്തിന് പണവും ചെലവാക്കാൻ സമയവുമുണ്ടെങ്കിൽ ആർക്കും ബഹിരാകാശത്ത് പോവാം. അതിന് തെളിവാണ് ഇൻസ്പിരേഷൻ 4 എന്ന് പേരുള്ള ഈ സോഷ്യലിസ്റ്റ് സഞ്ചാരം.