ബ്രിട്ടണിലെ നിയമനിര്‍മാണത്തില്‍ എലിസബത്ത് രാജ്ഞി സ്വാര്‍ത്ഥ താത്പര്യത്തോടെ ഇടപെട്ടു എന്ന ഗാര്‍ഡിയന്‍ പത്രത്തിന്റെ കണ്ടെത്തല്‍ വലിയചര്‍ച്ചയായി മാറിയിരിക്കുന്നു. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളില്‍ തുല്യം ചാര്‍ത്തുകയെന്ന ആലങ്കാരിക പദവിയാണ് രാജ്ഞിയുടേതെന്ന ധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തല്‍.
രാജകുടുംബത്തിന്റെ സ്വകാര്യസ്വത്ത് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ നിയമനിര്‍മാണത്തെ രാജ്ഞി സ്വാധീനിച്ചു എന്നാണ് വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ രേഖകളാണ് ഈ അധാര്‍മിക ഇടപെടലിന്റെ തെളിവുകളായി ഗാര്‍ഡിയന്‍ പുറത്തുകൊണ്ടുവന്നത്.