ഈ ലോക്ക്ഡൗണ്‍ കാലത്ത് എയര്‍ ബസുകളില്‍ നിന്ന് വെറും ബസുകളിലേക്ക് മാറുകയാണ് പല പൈലറ്റുമാരുടേയും ജീവിതം. അല്ലെങ്കില്‍ തൊഴിലില്ലായ്മയിലേക്ക്. 

മാസങ്ങള്‍ക്ക് മുമ്പ് നൂറുവയസ് തികഞ്ഞ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്റസ് എയര്‍വേയ്‌സ് ലിമിറ്റഡിന്റെ പൈലറ്റുമാരായിരുന്നു ക്യാപ്റ്റന്‍ പീറ്റര്‍ റോബര്‍ട്ട്, ക്യാപ്റ്റന്‍ പീറ്റര്‍ കെയ്‌സ് എന്നിവര്‍. ഒരുകാലത്ത് ആഘോഷിക്കപ്പെട്ടവരായിരുന്നു ഇവര്‍.

ക്വാന്റസ് നൂറ്റാണ്ടുതികച്ചപ്പോള്‍ കോക്പിറ്റിലായിരുന്നില്ല ഇവര്‍. ഓസ്‌ട്രേലിയയിലെ റോഡുകളിലൂടെ ബസോടിക്കുകയായിരുന്നു. 30 വര്‍ഷത്തിലേറെ ആകാശത്തിന്റെ അനന്തവിഹായസില്‍ പറന്നിരുന്ന ഇവരെ വിമാനത്തില്‍ നിന്ന് ബസിലെത്തിച്ചത് കോവിഡ് മഹാമാരിയാണ്. 

വ്യോമയാന മേഖലയ്ക്ക് സംഭവിച്ച ആഘാതത്തിന്റെ പ്രതീകങ്ങളാണിവര്‍. ഒപ്പം ഒരു മഹാമാരിക്കും തകര്‍ക്കാനാവാത്ത മനുഷ്യന്റെ അതിജീവന തൃഷ്ണയുടെ ഉദാഹരണങ്ങളും.