മേജര്‍ ഒരു വളര്‍ത്തുനായയാണ്. ആരുടെയെന്നല്ലേ? ഭാവി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ. അനാഥരും തെരുവിലലയുന്നവരുമായ നായ്ക്കളുടെ അഭയകേന്ദ്രത്തില്‍ നിന്ന് രണ്ടുകൊല്ലം മുമ്പ് ബൈഡന്‍ ദത്തെടുത്തതാണ് ഇവനെ. ബൈഡന്‍ വൈറ്റ്ഹൗസിലെത്തിയപ്പോള്‍ ഫസ്റ്റ് ഡോഗായി മേജറുമുണ്ടായിരുന്നു ഒപ്പം.

രണ്ട് വളര്‍ത്തുനായ്ക്കളുണ്ട് ബൈഡന്. ചാമ്പും മേജറും. വൈറ്റ്ഹൗസിലെത്തുന്ന ആദ്യ ദത്തുനായയാണെന്നതാണ് മേജറിനെ മൃഗസ്‌നേഹികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കുന്നത്. 2018-ലാണ് മേജറുടെ ഭാഗ്യയാത്ര തുടങ്ങിയത്.

അനാഥനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രത്തില്‍ ആറ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികളെ കിട്ടി. ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്ന് അവശനിലയിലായിരുന്നു എല്ലാം. ഏതാനും ദിവസത്തെ ആശുപത്രിവാസം അവയെ ചൊടിയും ചുണയുമുള്ളവരാക്കി. ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെ തേടി അഭയകേന്ദ്രം പരസ്യം നല്‍കി. പ്രായമായ ചാമ്പിന് ഒരു കൂട്ടുതേടിക്കൊണ്ടിരിക്കുകയായിരുന്നു ബൈഡന്‍. ഇതറിയാവുന്ന മകള്‍ ബൈഡനോട് ഇക്കാര്യം സൂചിപ്പിച്ചു. അങ്ങനെയാണ് മേജര്‍ ബൈഡന്റെ കൈകളിലെത്തുന്നത്.