ഇന്ത്യയുടെ രണ്ട് അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളും രാഷ്ട്രീയ പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പാകിസ്താനിലെ പ്രതിപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു നീങ്ങുന്നു. നേപ്പാളിലാകട്ടെ പ്രധാനമന്ത്രി കെ.പി.എസ് ഒലി കാലാവധി തികയാന്‍ രണ്ടുവര്‍ഷം കൂടിയുള്ള സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ജനാധിപത്യം വാഴാത്ത രണ്ട് രാജ്യങ്ങളില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.

പാകിസ്താനിലെ രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) എന്ന സഖ്യമുണ്ടാക്കി ഇമ്രാന്‍ഖാനെതിരെ മാസങ്ങളായി പ്രതിഷേധിക്കുകയാണ്. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും അഴിമതിക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് നവാസ് പാര്‍ട്ടിയുമാണ് സഖ്യത്തിന് നേതൃത്വം നല്‍കുന്നത്.

നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളപ്പോള്‍ പ്രധാനമന്ത്രി കെ.പി.എസ് ഒലി സര്‍ക്കാരിനെ പിരിച്ചുവിട്ടത് പാര്‍ട്ടിയിലും ഭരണത്തിലും തനിക്ക് പിടി അയയുന്നു എന്ന് ബോധ്യം വന്നപ്പോഴാണ്. ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചോദ്യം ചെയ്ത് പത്തിലേറെ ഹര്‍ജികള്‍ സുപ്രീം കോടതിയിലുണ്ട്. 2021 ഏപ്രില്‍, മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഒലി പ്രഖ്യാപിച്ചിരിക്കുന്നത്.