വന്യജീവിയില്‍ നിന്നാണ് മനുഷ്യരിലേക്ക് സാര്‍സ് കോവിഡ് 2 പടര്‍ന്നതെന്നാണ് നിഗമനം. മറിച്ചൊരു കണ്ടെത്തലുണ്ടാകുംവരെ അതങ്ങനെയായിരിക്കും. മനുഷ്യനില്‍ നിന്ന് അധികം ജീവികളിലേക്ക് ഈ വൈറസ് പടരാത്തത് ലോകത്തിലെ ജൈവവൈവിധ്യത്തിന് വലിയ ആശ്വാസമാണ്. എന്നാല്‍ യൂറോപ്പിലേയും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേയും മിങ്കുകള്‍ക്ക് ഈ ഭാഗ്യമില്ല.

കോവിഡിന്റെ രക്തസാക്ഷികളാണിവ. ഒരിനം നീര്‍നായയായ മിങ്കിനെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് പല യൂറോപ്പ്യന്‍ രാജ്യങ്ങളും. കൊറോണ വൈറസ് മിങ്കുകളിലേക്ക് പടര്‍ന്നുകഴിഞ്ഞു. ഇവയുടെ ശരീരത്തില്‍ വെച്ച് വൈറസിന് ജനിതകമാറ്റം സംഭവിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കൂട്ടക്കൊല.