ലി സിജി എന്ന ചൈനീസ് യൂട്യൂബ് വ്ളോഗർ ഇന്ന് ലോകത്തിന്റെ ഹരമാണ്. ചൈന നിരോധിച്ച യൂട്യൂബിലൂടെ ഇവർ പറയുന്നത് രാഷ്ട്രീയമല്ല. ചൈനയുടെ ഇരുമ്പുമറയ്ക്കുള്ളിലെ കാഴ്ചകളുമല്ല. അവിടുത്തെ കാല്പനിക സുന്ദരവും സ്വപ്ന സമാനവുമായ ഗ്രാമീണ ജീവിതമാണ്.
ഏറ്റവും കൂടുതൽ വരിക്കാരുള്ള ചൈനീസ് ഭാഷാ യൂ ട്യൂബ് ചാനലിന്റെ ഉടമയാണ് ലി സിജി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേരാണ് ലീയുടെ ഓരോ വ്ളോഗിനുമായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
അവരുടെ ഹൃദയം കവരുക മാത്രമല്ല, ഈ വ്ളോഗുകൾ ചെയ്യുന്നത്. അവരുടെ വിഷാദത്തിലും നൈരാശ്യത്തിലും അവർക്ക് ഔഷധവുമാണ് പ്രകൃതിയുമായി ലയിച്ചുനിൽക്കുന്ന ധ്യാനാത്മകമായ ദൃശ്യങ്ങൾ.