ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നാളുകൾ എണ്ണപ്പെട്ടു. എന്ത് വിലകൊടുത്തും നെതന്യാഹുവിനെ താഴെയിറക്കാൻ ഉറപ്പിച്ചിരിക്കുന്ന എട്ട് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് മഹാസഖ്യത്തിന് രൂപംകൊടുത്തു. തീവ്ര വലതും ഇടതും മധ്യമാർ​ഗികളുമെല്ലാം ഈ സഖ്യത്തിൽ ഉൾപ്പെടുന്നു. 120 അം​ഗ പാർലമെന്റിൽ സഖ്യത്തിനുള്ളത് 62 സീറ്റാണ്. കേവലഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ ഒരു സീറ്റ് കൂടുതൽ.

വരുംദിവസങ്ങളിൽ ഈ സഖ്യം പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്നതനുസരിച്ചിരിക്കും ബിബിയെന്ന് ഇസ്രായേലുകാർ വിളിക്കുന്ന നെതന്യാഹുവിന്റെ ഭാവി. എങ്കിലും നെതന്യാഹുവിന്റെ ഭാവി തുലാസിലാക്കാൻ ഇത്തരമൊരു സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യം. പക്ഷേ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത നെതന്യാഹു ഈ സഖ്യം പൊളിച്ച് അധികാരത്തിൽ തുടരാൻ ശ്രമിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.