അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ ജോ ബൈഡന്‍ എത്തി. ആശങ്കകള്‍ അകന്ന് സമാധാനപരമായി നടന്ന അധികാര കൈമാറ്റത്തെ പുതു പ്രതീക്ഷകളോടെ ലോകം ആഘോഷിച്ചു. അമേരിക്കയ്ക്ക് മാത്രമല്ല പ്രതീക്ഷ വാഗ്ദത്ത ഭൂമി തേടി ഒട്ടേറെപ്പേര്‍ അമേരിക്കയിലേക്ക് കുടിയേറാനുള്ള മോഹത്തിലാണ്.

മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ നിന്ന് എണ്ണായിരം പേരാണ് അമേരിക്ക ലക്ഷ്യമാക്കി നടന്നുകൊണ്ടിരിക്കുന്നത്. അക്രമത്തിലും ദാരിദ്ര്യത്തിലും അമർന്ന ഈ ജനത അമേരിക്കയിൽ പുതുജീവിതം കെട്ടിപ്പടുക്കാമെന്ന കൊതിയോടെയാണ് നടക്കുന്നത്. 

കുട്ടികളും സ്ത്രീകളും കൈക്കുഞ്ഞുങ്ങളും അടങ്ങുന്ന ആയിരങ്ങൾ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരാഴ്ചമുമ്പേ തുടങ്ങിയതാണ് ഈ നടപ്പ്. ട്രംപ് കർശനമാക്കിയ കുടിയേറ്റനയം ബൈഡൻ തിരുത്തുമ്പോൾ അമേരിക്കയുടെ അതിർത്തികൾ തങ്ങൾക്കായി തുറക്കപ്പെടുമെന്ന് ഇവർ കരുതുന്നു.