അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നു കേൾക്കുമ്പോൾ പലനാടുകളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികളുടെ സം​ഗമമാകും മനസിൽ. എന്നാൽ സ്വീഡനിലെ പ്രശസ്തമായ യോട്ടെബോറിയ ചലച്ചിത്രോത്സവത്തിന് ഇത്തവണ ഒറ്റ കാണിയേ ഉണ്ടായിരുന്നുള്ളൂ. അതും പന്തീരായിരത്തോളം പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തി. ഉത്സവം നടന്നതാകട്ടെ ആളും അനക്കവുമില്ലാത്ത ഒറ്റപ്പെട്ട ദ്വീപിലും.

കോവിഡ് കാലത്ത് മനുഷ്യർ നടത്തിയ അനേകം പരീക്ഷണങ്ങളിലൊന്നായിരുന്നു  സിനിമയെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ഈ നീക്കം. കഴിഞ്ഞ 44 കൊല്ലമായി ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഈ ചലച്ചിത്രോത്സവം നടക്കുന്നു. പതിനൊന്നുദിവസത്തെ ആഘോഷമാണിത്. ലോകമെമ്പാടും നിന്ന് ഒന്നരലക്ഷത്തോളം ചലച്ചിത്രാസ്വാദകർ ഓരോ വർഷവും എത്തും.

ഡിസംബർ വരെ രാജ്യവ്യാപക അടച്ചിടൽ നടപ്പാക്കാതിരുന്ന, മാസ്ക് നിർദേശിക്കാതിരുന്നസ്കൂൾ പൂട്ടാതിരുന്ന സ്വീഡൻ ചലച്ചിത്രോത്സവത്തിന്റെ കാര്യത്തിലും വ്യത്യസ്തത കാട്ടുകയായിരുന്നു. ഉത്തര അറ്റ്ലാന്റിക്കിലെ പാറക്കെട്ടുകൾ മാത്രമുള്ള ദ്വീപിലായിരുന്നു മേള. ഒറ്റയ്ക്കുള്ള സിനിമകാണൽ ചലച്ചിത്രാനുഭവത്തെ എങ്ങനെ ബാധിക്കും എന്നറിയുക കൂടിയായിരുന്നു അധികൃതരുടെ ഈ നീക്കത്തിന് പിന്നിൽ.