പത്തുകൊല്ലം മുമ്പ് സുനാമിയിൽ തകരാറിലായ ഫുകുഷിമ ആണവനിലയം ലോകത്തിനുയർത്തിയ ഭീഷണി ചെറുതല്ല. അവിടെ നിന്നുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളടങ്ങിയ പത്തുലക്ഷം ടൺ ജലം കടലിലൊഴുക്കാനുള്ള ജപ്പാന്റെ തീരുമാനം രാജ്യത്തിനകത്തും പുറത്തും വിവാദമായിരിക്കുന്നു.

ചൈനയും തായ് വാനും ദക്ഷിണ കൊറിയയുമടക്കമുള്ള അയൽരാജ്യങ്ങൾ രോഷാകുലരാണ്. ജപ്പാനിലെ മീൻപിടിത്തക്കാരാകട്ടെ സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്നാണ് പറയുന്നത്. ആണവജലം കടലിലൊഴുക്കുന്നത് നാട്ടുനടപ്പാണെന്ന നിലപാടാണ് അമേരിക്കയ്ക്കും അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കും.