യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുമോ? സെനറ്റിലെ വിചാരണയില്‍ അദ്ദേഹം കുറ്റവിമുക്തനാവാനാണ് സാധ്യത. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ട്രംപിനൊപ്പമാണ്. മലപോലെ വന്നത് എലിപോലെ പോയേക്കും. 

വിരമിച്ച പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യുന്നത് അമേരിക്കയില്‍ ആദ്യമാണ്. ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ കലാപത്തിന്ആളുകളെ ഇളക്കിവിട്ടു എന്ന കുറ്റത്തിനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ട്രെപിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവന്നത്. ജനുവരി 13-ന് ജനപ്രതിനിധി സഭയില്‍ അത് പാസായി. രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ട്രംപ്. 2019 ഡിസംബര്‍ 18-നും 2021 ജനുവരി 13-നും ജനപ്രതിനിധിസഭ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു.

അമേരിക്കന്‍ ഭരണഘടനയനുസരിച്ച് അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ആണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നത്. വിചാരണ ചെയ്ത് ശിക്ഷ വിധിക്കുകയാണ് ഉപരിസഭയായ സെനറ്റിന്റെ ചുമതല. പ്രസിഡന്റല്ലാതായ ട്രംപിനെ സെനറ്റ് വിചാരണ ചെയ്യുന്നതിലെ ഭരണഘടനാ സാധുത റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ഫെബ്രുവരി ഒമ്പതിന് ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടന്നു. 100 അംഗങ്ങളില്‍ 56 പേരും അനുകൂലിച്ചു. ഇതില്‍ ്ആറ് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഉള്‍പ്പെടും. വിചാരണക്കാര്യത്തില്‍ സെനറ്റിലെ വിഭാഗീയത വെളിപ്പെടുത്തിയ ഈ വോട്ടെടുപ്പോടെ ട്രംപിന്റെ രണ്ടാം വിചാരണ തുടങ്ങി.