ഡയാന രാജകുമാരി കാല്‍ നൂറ്റാണ്ടുമുമ്പ് നല്‍കിയ അഭിമുഖം വീണ്ടും വിവാദമാവുകയാണ്. ഡയാനയുടെ ജീവിതമോ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങളോ അല്ല ഇപ്പോള്‍ ഇതിനെ വീണ്ടും വിവാദത്തിലാക്കുന്നത്. 

ആ അഭിമുഖം സംപ്രേഷണം ചെയ്ത മുന്‍നിര മാധ്യമ സ്ഥാപനമായ ബിബിസി മാധ്യമ സദാചാരം ലംഘിച്ചു എന്ന ആരോപണത്തിന് വീണ്ടും അന്വേഷണം നേരിടുകയാണ്. 

നഴ്‌സറി ടീച്ചറായിരുന്ന ഡയാന ഫ്രാന്‍സിസ് സ്‌പെന്‍സര്‍ എന്ന സാധാരണക്കാരി പ്രണയരഥത്തിലേറി ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ ഭാര്യയായതും ആ ബന്ധം ഉലഞ്ഞതും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചതും ഒരു ഷേക്‌സ്പീരിയന്‍ ദുരന്ത നാടകത്തെ അനുസ്മരിപ്പിക്കുകയാണ്.