പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട്, പ്രൊഫസര്‍ ഏഡ്രിയാന്‍ ഹില്‍, ഡോ. ഊര് ഷാഹിന്‍, ഡോ. ഓസ്ലിം ടുറേസി... ലോകം കോവിഡ് പ്രതിരോധ വാക്സിനെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വ്യക്തികളാണിവര്‍. ഓക്സ്ഫോര്‍ഡ് ആസ്ട്രസിനെക, ഫൈസര്‍ ബിയോണ് ടെക്ക് വാക്സിനുകള്‍ യാഥാര്‍ത്ഥ്യമാക്കിയ ഗവേഷകരാണിവര്‍.
ഓക്സ്ഫോര്‍ഡ് വാക്സിന്റെ ശില്പികളാണ് പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ടും പ്രൊഫസര്‍ ഏഡ്രിയാന്‍ ഹില്ലും. വാക്സിനേഷന്റെ പിതാവായ എഡ്വേര്‍ഡ് ജെന്നറുടെ പേരില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ജന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് അയര്‍ലന്‍ഡുകാരനായ ഹില്‍. ഇവിടത്തെ വാക്സിനോളജി പ്രൊഫസറാണ് സാറ. മലമ്പനി, ടി.ബി, എബോള എന്നിവയ്ക്കെതിരെ വാക്സിന് വികസിപ്പിക്കുകയും ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുകയും ചെയ്ത സംഘത്തില്‍ ഇവരുമുണ്ടായിരുന്നു.
അടിയന്തര ഉപയോഗത്തിന് ലോകത്ത് ആദ്യം അംഗീകാരം കിട്ടിയ ഫൈസര്‍ വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഡോ. ഊര് സാഹിന്, ഡോ. ഓസ്ലിം ടുറേസി ദമ്പതിമാര്‍. ജര്‍മനിയില്‍ 2008-ല്‍ ഇവര്‍ സ്ഥാപിച്ചതാണ് ബയോ ടെക്നോളജി കമ്പനിയായ ബിയോണ് ടെക്ക്. സൈക്കിളില്‍ സഞ്ചരിക്കുന്ന സ്വന്തമായി കാറില്ലാത്ത ഇവര്‍ ഇന്ന് ജര്‍മനിയിലെ അതിസമ്പന്നരുടെ പട്ടികയിലാണ്.