ആമസോണ്‍ മഴക്കാടുകളുടെ നാശം ഭൂമിയുടെ തന്നെ നാശമാണ്. ആ നാശത്തിലേക്ക് അധികദൂരമില്ല എന്നോര്‍മപ്പെടുത്തുന്നതാണ് ഈ മഴക്കാടുകളുടെ ദുരവസ്ഥയേക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരം. 

ആമസോണിന്റെ വലിയ ഭാഗത്തിന്റേയും അധിപരാഷ്ട്രം ബ്രസീലാണ്. ഇക്കൊല്ലം 27 ലക്ഷം ഏക്കര്‍ വനം വെട്ടിയും തീയിട്ടും നശിപ്പിച്ചുവെന്നാണ് ബ്രസീലിന്റെ തന്നെ ഔദ്യോഗിക റിപ്പോര്‍ട്ട്. 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വനനശീകരണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒമ്പതര ശതമാനം കൂടുതലാണ്. അവിടത്തെ ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് ഉപഗ്രഹചിത്രങ്ങള്‍ താരതമ്യപ്പെടുത്തി നാശത്തിന്റെ വ്യാപ്തി അറിയിച്ചത്.

2020 മേയ് 28 മുതല്‍ നവംബര്‍ മൂന്നുവരെ 2500 വലിയ കാട്ടുതീകളാണ് ഈ മഴക്കാടുകളിലുണ്ടായത്. 2012-ന് ശേഷമുള്ള ഏറ്റവും വലിയ തീവര്‍ഷം. ടണ്‍ കണക്കിന് കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഈ കാട്ടുതീകള്‍ അന്തരീക്ഷത്തിലെത്തിച്ചത്. അപരിഹാര്യമായ വിനാശം ആമസോണ്‍ മഴക്കാടുകളേയും ഭൗമാന്തരീക്ഷത്തേയും ഗ്രസിച്ചുകഴിഞ്ഞു. ഈ നാശത്തിന്റെ ആഘാതം ബ്രസീലിന്റെ അതിരുകളും കടന്നെത്തും. പതിറ്റാണ്ടുകളോളം, ഒരുപക്ഷേ നൂറ്റാണ്ടുകളോളം അത് നിലനില്‍ക്കും.