അഫ്​ഗാനിസ്താനിൽ താലിബാൻ ഭരണമേറ്റിട്ട് ഒരുമാസം കഴിഞ്ഞു. താലിബാന്റെ ഭരണരീതിയും സ്ത്രീകളുടെ അവകാശപ്രശ്നങ്ങളുമൊക്കെ ചർച്ചയാകുമ്പോൾ അഫ്​ഗാനിസ്താൻ വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട യുദ്ധവും അരക്ഷിതാവസ്ഥയും ആ രാജ്യത്തെ പട്ടിണിയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. പോഷാകാഹാരവും മതിയായ ചികിത്സയും കിട്ടാതെ പത്തുലക്ഷം കുട്ടികൾ ഇക്കൊല്ലം മരിച്ചുപോയേക്കാമെന്നാണ് യുനിസെഫിന്റെ മുന്നറിയിപ്പ്. 

ഈ മാസം അവസാനത്തോടെ 1.4 കോടി പേർ പട്ടിണിയിലാകുമെന്നാണ് വേൾഡ് ഫുഡ് പ്രോ​ഗ്രാം കണക്കാക്കുന്നത്. അടുത്തകൊല്ലം പകുതിയാകുമ്പോൾ 97 ശതമാനം അഫ്​ഗാൻ ജനതയും ദാരിദ്ര്യരേഖയ്ക്ക് താഴെയാവും. അടുത്തനേരത്തേക്കുള്ള ആഹാരം എങ്ങനെ കിട്ടുമെന്ന ആധിയിൽ കഴിയുകയാണ് അവിടത്തെ മൂന്നിലൊരാളെന്നാണ് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെരാസ് പറഞ്ഞഥ്. താലിബാൻ അധികാരത്തിലെത്തിയതോടെ വിദേശസഹായം നിലച്ചത്  ദാരിദ്ര്യത്തിന് ആക്കം കൂട്ടും.