ലോകത്തിലെ ആദ്യ റോബോട്ട് പൗര വരച്ച കലാസൃഷ്ടി 6,88,888 ഡോളറിന് വിറ്റുപോയി. അതായത് അഞ്ചുകോടി രൂപയ്ക്ക്. എൻ.എഫ്.ടി രൂപത്തിലായിരുന്നു വില്പന. കലാവിപണിയിൽ പുതിയ തരം​ഗമാണ് ഈ ഡിജിറ്റൽ സങ്കേതം. കലാരൂപങ്ങളേയും അവയുടെ ഉടമസ്ഥതയേയും പറ്റിയുള്ള താത്വിക ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ പുതുരീതി.

മൂന്ന് വർഷം മുമ്പാണ് സോഫിയ എന്ന മനുഷ്യരൂപമൊത്ത റോബോട്ട് പിറന്നത്. ഹോങ്കോങ്ങിലെ ഹാൻസൺ റോബോട്ടിക്സിലെ ഡോ. ഡേവിഡ് ഹാൻസണാണ് ഈ ഹ്യൂമനോയിഡിന്റെ സ‍ൃഷ്ടാവ്. നിർമിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യരോട് സംവദിക്കാനും പ്രതികരിക്കാനും ശോഷിയുള്ള സോഫിയയ്ക്ക് 2017-ൽ സൗദി അറേബ്യ പൂർണ പൗരത്വം നൽകി.