ബഹിരാകാശത്തെ മത്സരം റഷ്യ അവസാനിപ്പിച്ചിട്ടില്ല. പഴയ സോവിയറ്റ് യൂണിയൻ അല്ലെങ്കിലും ആ ​ഗൃഹാതുരതയും താലോലിച്ച് ബഹിരാകാശത്ത് പുതിയ ഒന്നാംസ്ഥാനം നേടാനുള്ള ആവേശത്തിലാണ് ആ രാജ്യം. ബഹിരാകാശത്തേക്ക് ആദ്യമായി നായയേയും പുരുഷനേയും സ്ത്രീയേയും അയച്ച റഷ്യ ഇപ്പോഴിതാ അവിടെ മനുഷ്യചരിത്രത്തിലെ ആദ്യത്തെ മുഴുനീള ഫീച്ചർ സിനിമ പിടിക്കാനൊരുങ്ങുന്നു. കാര്യങ്ങളെല്ലാം ഉദ്ദേശിച്ചപോലെ നടന്നാൽ ദ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം  ഒക്ടോബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടക്കും. നാസയെ ഞെട്ടിച്ചുകൊണ്ടാണ് റഷ്യയുടെ ഈ നീക്കം.