ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് എന്തോ സംഭവിച്ചു. ഉത്തരകൊറിയയ്ക്കും. എല്ലാം പരമരഹസ്യം. സൂചനകളും ഊഹാപോഹങ്ങളും മാത്രം. തടിച്ചുരുണ്ടിരുന്ന കിമ്മിനെ നാലാഴ്ചയായി പൊതുവേദികളിൽ കാണാനില്ലായിരുന്നു. ഈ മാസം പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ ആളങ്ങ് ശോഷിച്ചിരിക്കുന്നു. ‌

ഭരണാധികാരി മെലിഞ്ഞതിൽ ഹൃദയം തകർന്ന നാട്ടുകാരുടെ സങ്കടം സർക്കാരിന്റെ ടി.വിയിൽ ആവർത്തിച്ചുകാണിക്കുന്നു. കോവിഡ് കാലം ഉത്തരകൊറിയയെ പതിവിലുമേറെ ദാരിദ്രത്തിലാക്കിയിട്ടുണ്ട്. രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് കിം തന്നെ പറഞ്ഞുകഴിഞ്ഞു. പക്ഷേ എന്താണ് പ്രതിസന്ധി എന്നു പറഞ്ഞില്ല. ജനങ്ങളേ നിങ്ങൾക്കുവേണ്ടി അധ്വാനിച്ച് നിങ്ങളോടൊപ്പം പട്ടിണികിടന്ന് ഞാനും ഇതാ മെലിഞ്ഞിരിക്കുന്നു എന്ന പ്രചാരണ തന്ത്രമാണ് കിമ്മിന്റേതെന്ന് വിലയിരുത്തലുണ്ട്.