ഐഡ ചുഴലിക്കാറ്റിനേ തുടർന്നുണ്ടായ പേമാരിയിൽ അമേരിക്കയുടെ കിഴക്കൻതീരം കഴിഞ്ഞദിവസം പ്രളയത്തിൽ മുങ്ങി. അമേരിക്കയിൽ ഇതുവരെ വീശിയഅഞ്ചാമത്തെ അതിശക്ത ചുഴലിക്കാറ്റാണ് ഐഡ. മണിക്കൂറിൽ 241 കിലോമീറ്റർ വേ​ഗം. മുമ്പ് ഇരുപതോ ആമ്പതോ വർഷത്തിലൊരിക്കലായിരുന്നു ഇത്ര ശക്തിയുള്ള കാറ്റ് വീശാറ്. ഇപ്പോളങ്ങനെയല്ല. 2020-ൽ ലോറ, 2018-ൽ മൈക്കിൾ, 2005-ൽ കത്രീന, 2004-ൽ ചാർലി. ഐഡയുടെ ആഘാതത്തിൽ ന്യൂയോർക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങൾ വെള്ളത്തിനടിയിലായി. സബ് വേ സ്റ്റേഷനുകൾ, റോഡുകൾ, വീടുകൾ, കളിസ്ഥലങ്ങൾ എന്നുവേണ്ട എല്ലായിടത്തും വെള്ളം, ഇരുട്ട്. വീട്ടിലും കാറിലുമിരുന്ന അമ്പതോളം പേർ മുങ്ങിമരിച്ചു. ആ​ഗോളതാപനം മനുഷ്യനിൽ ഏൽപ്പിച്ച ദുരന്തത്തിന്റെ ദൃശ്യങ്ങളാണിവ.