പ്രളയ രൂപത്തില്‍, മഹാമാരിയുടെ രൂപത്തില്‍, മാറാവ്യാധിയുടെ രൂപത്തില്‍ തിരിച്ചടിച്ചു തുടങ്ങി പ്രകൃതി. 2018-ല്‍ 500-ഓളം ആളുകളുടെ ജീവനെടുത്തു കാല്‍ നൂറ്റാണ്ടിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം. പുത്തുമലയുടേയും കവളപ്പാറയുടേയും രൂപത്തില്‍ നിരവധി പേരുടെ ജീവനെടുത്ത് 2019-ലും ആവര്‍ത്തിച്ചു മഹാമാരി. നിറഞ്ഞ് നിന്ന ഡാമുകള്‍ നഗരങ്ങളേയും ഗ്രാമങ്ങളേയും വേര്‍തിരിവില്ലാതെ മുക്കിക്കളഞ്ഞു. ദുരന്തമാവര്‍ത്തിച്ച് പെട്ടിമുടിയില്‍ 50-ല്‍ ഏറെ ആളുകളെ മണ്ണിനടിയിലാക്കി 2020.

ഇതിനിടെയാണ് പാരിസ്ഥിക ആഘാത പഠനം പോലുമില്ലാതെ പ്രകൃതിയ നിഷ്‌കരുണം വെട്ടിനുറുക്കാനുള്ള കരട് നിയമ ഭേദഗതിക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ പോലും മൗനിയായി നിന്നുപോയത്. അഞ്ചേക്കര്‍ വരേയുള്ള ഖനനത്തിന് പോലും അനുമതി വേണ്ടെന്ന് പറയുന്നു പുതിയ ഇ.ഐ.എ വിജ്ഞാപനം. വിമാനത്താവളത്തിന്റെ വലുപ്പത്തിലുള്ള നിര്‍മാണമടക്കം ഒരു പേപ്പര്‍ കഷണം  പോലുമില്ലാതെ നടത്തിയെടുക്കാം.

വന്‍കിട പദ്ധതികളാണെങ്കില്‍ വന്യജീവി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി പോലും വേണ്ടെന്നാണ് പുതിയ കരട് നിയമം പറയുന്നത്. അങ്ങനെ പശ്ചിമഘട്ടത്തിന്റെ സ്വന്തമായതെല്ലാം വികസനത്തിന്റെ  പേരില്‍ കുടിയൊഴുപ്പിക്കാനൊരുങ്ങുന്നു. ഒപ്പം പദ്ധതികള്‍ക്ക് നല്‍കുന്ന കാലാവധി അഞ്ചില്‍ നിന്ന് പത്ത് വര്‍ഷത്തിലേക്കുയര്‍ത്തിയതും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനുള്ള താക്കോല്‍ കുത്തകകള്‍ക്ക് നല്‍കുന്നതാണ്.