വയനാട് ജില്ലയിലെ  പുല്‍പള്ളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെത്തിയാല്‍ വയലുകളില്‍ ഭീമന്‍ സ്റ്റീല്‍ പ്ലാന്റുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. കര്‍ഷകരെ  സഹായിക്കാന്‍  നാലര വര്‍ഷം മുമ്പ് കേന്ദ്ര പദ്ധതിയെന്ന പേരില്‍ സ്ഥാപിച്ച ഡ്രിപ്പ്  ഇറിഗേഷന്റെ പ്ലാന്റുകളാണിത്. ഒരു കൂട്ടം ആളുകളെത്തി പ്ലാന്റ് സ്ഥാപിച്ച് അവര്‍ തിരിച്ച് പോയി. പഞ്ചായത്തിന്  പോലും കൃത്യമായ വിവരമില്ല. നാലര വര്‍ഷം കഴിയുമ്പോള്‍ ഇതെല്ലാം നോക്കു കുത്തികളാവുകയും ചെയ്തു.

പത്തെണ്ണത്തിനും കൂടി  പന്ത്രണ്ട്  കോടിയോളം  രൂപ ചെലവ് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷെ സര്‍ക്കാരിന്റെ പണം പോയതല്ലാതെ ആര്‍ക്കും ഒരു ഗുണവും  കിട്ടിയില്ല. ഇങ്ങനെ പത്ത് പ്ലാന്റുകളാണ് വാര്‍ഡിന്റെ പല ഭാഗത്തുമുളളത്.

പച്ചക്കറി കൃഷിക്ക് വെള്ളമെത്തക്കാന്‍ വയലുകളില്‍ പൈപ്പുകളിട്ട്  പ്ലാന്റില്‍ വെള്ളം നിറയ്ക്കുകയായിരുന്നു പദ്ധതി. എന്നാല്‍ ചുറ്റുപാടും വെള്ളമുള്ള ഞങ്ങള്‍ക്കെന്തിന് ഇങ്ങനെയൊരു പദ്ധതിയെന്ന് നാട്ടുകാര്‍ ആദ്യം ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ ഉത്തരം കിട്ടിയില്ല. ഉദ്ഘാടനം പോലും കഴിയാതെ പ്ലാന്റ് സ്ഥാപിച്ച കമ്പനി സ്ഥലം വിടുകയും ചെയ്തു. പിന്നെ ഒരു വിവരവുമില്ല.