ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിയില്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള മാനദണ്ഡം കാലപ്പഴക്കമോ അതോ ഫിറ്റ്‌നെസോ...? പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 13-ാം തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി അഥവാ വാഹനം പൊളിക്കല്‍ നയം അനുസരിച്ച് ഫിറ്റ്‌നെസിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക.

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയം രൂപീകരിക്കുന്നത് വര്‍ഷങ്ങളായി രാജ്യം ചര്‍ച്ച ചെയ്യുന്നതാണ്. 2020-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇത് സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തുന്നത്. പിന്നീട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി അറിയിച്ചിരുന്നു.

മുന്‍ പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാഹനങ്ങള്‍ പൊളിക്കുന്നത് അവയുടെ പഴക്കത്തെ മാത്രം അടിസ്ഥാനമാക്കിയാവില്ല. പുതുതായി നിലവില്‍ വരുന്ന അംഗീകൃത ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നടത്തുന്ന ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വണ്ടികളായിരിക്കും പൊളിക്കാന്‍ നിര്‍ദേശിക്കുക. സ്വകാര്യവാഹനങ്ങള്‍ 20 വര്‍ഷത്തിന് ശേഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവുമായിരിക്കും ഫിറ്റ്നെസ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്.