അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം മഞ്ഞുപാളികളുള്ള ഗ്രീന്‍ലാന്‍ഡില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. മഞ്ഞുപാളികളെ ഏഴിരട്ടിയോളം വേഗത്തില്‍ ഉരുക്കാന്‍ ശേഷിയുണ്ട് ഈ മഴയ്ക്ക്. അത് സമുദ്രനിരപ്പ് ക്രമാതീതമായി കൂട്ടും. കൊച്ചിയും മുംബൈയും അടക്കമുള്ള നമ്മുടെ 12 കടലോര നഗരങ്ങളടക്കം ലോകത്തിലെ പല മേഖലകളും വെള്ളത്തിനടിയിലാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കൂട്ടുന്നതാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് ഉരുകുന്നതിനുള്ള പ്രധാന കാരണം. ഇത് തുടര്‍ന്നാല്‍ മുപ്പതു വര്‍ഷത്തിനകം ആര്‍ട്ടിക് സമുദ്രത്തില്‍ ഉരുകാന്‍ മഞ്ഞ് ബാക്കിയുണ്ടാവില്ല. എന്‍.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് സമുദ്രനിരപ്പ് കൂടാന്‍ പോകുന്നത് 20 അടിയാണ്. അങ്ങനെയെങ്കില്‍ ന്യൂയോര്‍ക്കും ആംസ്റ്റര്‍ഡാമും അടക്കം വെള്ളത്തിനടിയിലാകാന്‍ അധിക നാളില്ലെന്നു ചുരുക്കം.