32 വര്‍ഷം മുമ്പ് തൃപ്പൂണിത്തുറ ബൈപ്പാസ് പ്രഖ്യാപിച്ചതു മുതല്‍ തിരുവാണിയൂര്‍-തിരുവാങ്കുളം മേഖലകളിലെ ജനങ്ങളുടെ ജീവിതം സ്തംഭിച്ചിരിക്കുകയാണ്. സ്ഥലമേറ്റെടുപ്പിനായി സര്‍വ്വേക്കല്ലിട്ടു. കുറച്ചുപേര്‍ക്ക് നഷ്ടപരിഹാരം നല്‍കി. വര്‍ഷമേറെയായിട്ടും പദ്ധതിയുടെ കാര്യത്തില്‍ മാത്രം നീക്കുപോക്കില്ല. അതിനിടെ മറ്റൊരു പാതയും ഇതുവഴി കടന്നുപോകുമെന്നും നിര്‍ദിഷ്ട ബൈപ്പാസ് വഴിമാറ്റി വിടുമെന്നുമുള്ള വാര്‍ത്ത വന്നതോടെ, മൂന്ന് പതിറ്റാണ്ട് തങ്ങളനുഭവിച്ച ദുരിതമെല്ലാം വെറുതേയാകുമോ എന്ന ആശങ്കയുമായി.

ഇപ്പോള്‍ കെ-റെയിലും ഇതേ മേഖലയിലൂടെ കടന്നപോകുമ്പോള്‍ പ്രദേശവാസികളുടെ ജീവിതം തന്നെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. വികസനപദ്ധതികളോട് എതിര്‍പ്പില്ല, തങ്ങളുടെ ജീവിതം ദുരിതത്തിലാക്കാതെ നടപടികള്‍ വേഗത്തിലാക്കണമെന്ന അപേക്ഷ മാത്രമാണ് ഇവര്‍ക്കുള്ളത്.