ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍ ജീവിതശൈലി കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കൂടുന്നു. അമിതവണ്ണവും കുടവയറും കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമാകുന്നത്. 

2019-2020-ലെ സര്‍വ്വേ പ്രകാരം കേരളത്തിലെ സ്ത്രീകളില്‍ 15-നും 49-നും ഇടയില്‍ പ്രായമുള്ളവരില്‍ 38.1% പേര്‍ അമിതവണ്ണമുള്ളവരാണ്. ദേശീയ ശരാശരിയാകട്ടെ 24 ശതമാനവും. കുടവയറിന്റെ കാര്യത്തിലും കേരളം പിന്നിലല്ല. ദേശീയ തലത്തില്‍ 56.7% സ്ത്രീകളും 47.7% പുരുഷന്മാരുമാണ് കുടവയറുള്ളവര്‍. കേരളത്തില്‍ 70.7% സ്ത്രീകള്‍ക്കും കുടവയറുണ്ട്. 56.8% പുരുഷന്മാരാണ് കുടവയറന്മാര്‍. 

നാരും പ്രോട്ടീനും കുറവുള്ള, പഞ്ചസാരയും കൊഴുപ്പും അധികമുള്ള ജങ്ക് ഫുഡ് കഴിക്കുന്നതിന്റെ അളവ് കൂടിയതാണ് മലയാളിക്ക് വിനയാകുന്നത്. ഒപ്പം കോവിഡ് കാലത്തെ വീടിനുള്ളിലെ അടച്ചിരിപ്പും വ്യായാമമില്ലായ്മയും കൂടി ആയപ്പോള്‍ ജീവിതശൈലീ രോഗങ്ങളും കൂടി. ദാരിദ്ര്യം കുറവുള്ള സംസ്ഥാനം ആണെങ്കിലും കേരളത്തില്‍ പോഷകാഹാരക്കുറവ് വലിയ പ്രശ്നമാകുന്നുണ്ടെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.