ഞ്ചാരികളുടെ കണ്ണും മനവും നിറയ്ക്കുകയാണ് തിരുവനന്തപുരത്തെ കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രം. കുട്ടിക്കുറമ്പന്‍മാരുടെ കുസൃതിയും കൊമ്പന്‍മാരുടെ തലയെടുപ്പും കണ്ട് വ്യത്യസ്തമായ ആനക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 16 ആനകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ പൂര്‍ണ, മായ, കണ്ണന്‍, മനു, ശ്രീക്കുട്ടി തുടങ്ങി അഞ്ചോളം കുട്ടിയാനകളാണ്.

രാവിലെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഇവരുടെ നീരാട്ട്. വെള്ളത്തില്‍ കുത്തിമറിഞ്ഞ്, കുറുമ്പുകാട്ടി മുങ്ങിനിവര്‍ന്ന് അവര്‍ പാപ്പാന്‍മാരുമൊത്ത് കളിച്ച് കുളിക്കുന്നു.  ശേഷം ആനകളുടെ പരേഡും. ഇവിടെ എത്തുന്ന സഞ്ചാരികളില്‍ സാഹസപ്രിയര്‍ക്ക് ചെറിയൊരു ട്രെക്കിങ്ങിനുള്ള സൗകര്യവും ഒരുക്കി നല്‍കുന്നുണ്ട്.

കോവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. ഇപ്പോള്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രം കൂടുതല്‍ വിശാലമാകാന്‍ പോവുകയാണ്. ആനകള്‍ക്ക് നിലവിലുള്ള നാമമാത്രമായ സൗകര്യങ്ങള്‍ക്ക് പകരം വനത്തിലെന്നതുപോലെ സ്വതന്ത്രമായി ചങ്ങലകളുടെ ബന്ധനമില്ലാതെ യഥേഷ്ടം സഞ്ചരിക്കാനാകുന്ന സ്ഥലമുള്‍പ്പെടെ തയ്യാറാക്കുന്ന വികസന പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 20 ന് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

നിശ്ചയിച്ച രീതിയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടെയുള്ള ആനകള്‍ക്ക് വനത്തിലെന്നതുപോലെ സ്വാതന്ത്ര്യം അനുഭവിക്കാം. സഞ്ചാരികള്‍ക്കും അത് നവ്യാനുഭവമായി മാറും.