കോഴിക്കോട്ടെ ലീഗ് തട്ടകമായിരുന്നു കൊടുവള്ളി. 1977 മുതല്‍ ലീഗ് സ്ഥാനാര്‍ഥികളെയും ലീഗ് വിമതരേയും മാത്രം തുണയ്ക്കുന്ന മണ്ഡലം. കഴിഞ്ഞ തവണ ലീഗ് വിമതനായെത്തിയ കാരാട്ട് റസാക്ക് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ഇടത് സ്വതന്ത്രനായി മത്സരിച്ച റസാക്ക് ലീഗ് കോട്ട പൊളിച്ച് മണ്ഡലം ഇടത്തോട്ട് തിരിച്ചു. ശക്തി കേന്ദ്രത്തിലേറ്റ പ്രഹരത്തിന് മറുപടി നല്‍കേണ്ടത് ലീഗിന് അഭിമാന പോരാട്ടമാണ്. കൊടുവള്ളി ഇത്തവണയും നഷ്ടമായാല്‍ ലീഗിനത് വലിയ ക്ഷീണമാകും. അതിനാല്‍ പൊന്നും വിലയുള്ള കൊടുവള്ളി ഇത്തവണ തിരിച്ചു പിടിച്ചേ മതിയാകു. 2016ല്‍ വെറും 573 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംഎ റസാക്കിനെ തോല്‍പ്പിച്ച് കാരാട്ട് റസാക്ക് കൊടുവള്ളി ചുവപ്പിച്ചത്. ലീഗ് കോട്ടയില്‍ വേരുറപ്പിക്കാന്‍ ഇടതു മുന്നണി ഇത്തവണയും സീറ്റ് റസാക്കിന് തന്നെ നല്‍കാനാണ് സാധ്യതകളെല്ലാം. മറുഭാഗത്ത് സുരക്ഷിത മണ്ഡലം തേടി എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പോരാട്ടം കനക്കും